RV Hits

Thursday, July 31, 2014

Diplomacy

ബന്ധം ...
ചേര്‍ത്തു കൂട്ടികെട്ടി ... ഒതുക്കികെട്ടി .കൂട്ടികെട്ടി ..കെട്ടുപാടുകള്‍ ഉള്ള ഒന്ന് മാത്രമേ പൊട്ടി ചിതറു. അതിന്‍റെ ഊര്‍ജതന്ത്ര സമവാക്യം ഒന്നും എനിക്കറിയില്ല....
ബന്ധം.....ലോകത്ത് എന്തെല്ലാം തരം ബന്ധങ്ങള്‍.....അവയെ സൂചിപ്പിക്കാന്‍ എത്രയെത്ര പദങ്ങള്‍.....രക്തബന്ധം...വിവാഹ ബന്ധം.....പ്രേമബന്ധം .ലൈന്ഗീകബന്ധം ..അവിഹിത ബന്ധം...ഇത്തരം ജീവനുള്ള ബന്ധങ്ങള്‍
പിന്നെ ..വൈദ്യുതബന്ധം....വാര്‍ത്താവിനിമയ ബന്ധം.......വ്യാപാരബന്ധം ...തുടങ്ങിയ മറ്റൊരു വിഭാഗം....

ഒന്ന് കുത്തിയിരുന്നു ആലോചിച്ചാല്‍...ഈ പേജു നിറക്കാം......

ആദ്യം പറഞ്ഞ ബന്ധങ്ങളുടെ നീളന്‍ ലിസ്റ്റില്‍ എല്ലാത്തിലും തന്നെ ഒരുതരത്തിലുള്ള നേരും നെറിയും ഉണ്ട്.....അവിടെ മാനുഷിക വികാരങ്ങളും വിക്ഷോഭങ്ങളും ഉണ്ട്....ഇണക്കവും പിണക്കവും ഒക്കെ ഉണ്ട്....അറ്റുപോയാല്‍ കൂട്ടി ചേര്‍ക്കാം ....എന്നാലും ഇത്തിരി ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും....
..രണ്ടാമത്തെ വിഭാഗത്തിനു രണ്ടു ഉത്തരമേ ഉള്ളു.. ഉണ്ടെങ്കില്‍ ഉണ്ട് .. ഇല്ലെങ്കില്‍ ഇല്ല... പുനസ്ഥാപിച്ചാല്‍ ബന്ധത്തിന് കുഴപ്പം ഇല്ല....
പക്ഷെ ഇതിലും വലിയ ഒരു ബന്ധം ഉണ്ട്......അതു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധമാണ്.....നയവും തന്ത്രവും കൂട്ടികലര്‍ത്തിയ ഒരുതരം ബന്ധമാണ് അതു ...നയതന്ത്രബന്ധം ദിപ്ലോമസി.... ഒരുതരം ഉടായിപ്പ് പരിപാടി.........ആ ബന്ധത്തിന്‍റെ ഗുട്ടന്‍സ് പഠിക്കണമെങ്കില്‍ സാമാന്യത്തില്‍ ഉപരിയായ ബുദ്ധിയും കഴിവും കുറെ വര്‍ഷങ്ങളുടെ പരിശീലനവും വേണം....മനുഷ്യന്‍ സാമൂഹ്യജീവിയായത് മുതല്‍ ഈ ഏര്‍പ്പാടുണ്ട്‌. കാര്യം മനുഷ്യന്‍റെ ഏര്‍പ്പാട് ആണെങ്കിലും .ആത്മാര്ഥത.. മാനുഷികത...കനിവ് അലിവ് ...തുടങ്ങിയവക്കൊന്നും യാതൊരു പ്രസക്തിയും ഇല്ലാത്ത, സ്വാര്‍ഥതക്ക് മാത്രം മുന്‍‌തൂക്കം ഉള്ള, ബന്ധം എന്ന വാക്കിനെ തന്നെ നാറ്റിക്കുന്ന ഒരു ഏര്‍പ്പാടാണ് ഇത്....
ഇന്നു ലോകത്ത് മനുഷ്യന്‍ മനുഷ്യനെ കൊന്നൊടുക്കുന്ന  വാര്‍ത്തകളും മനസും തലച്ചോറും മരവിപ്പിക്കുന്ന ചിത്രങ്ങളും അനുനിമിഷം കണ്മുന്‍പില്‍ ഓടിയെത്തുന്നു... (കാര്യ കാരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല) അഭയം തേടി ആകുലതകളും വ്യാകുലതകളും ആയി കഴിയുന്ന മനുഷ്യ കൂട്ടങ്ങള്‍ക്കു മേല്‍ മഹാ വിസ്ഫോടങ്ങള്‍ പെയ്തിറങ്ങുന്നു.. പൂരത്തിന് അമിട്ട് പൊട്ടുന്ന കൌതുകത്തോടെ നോക്കി നിക്കുന്ന മാനവരാശി....ഇത്തിരി പോന്ന... ഓമനത്വം ഉള്ള കുഞ്ഞുങ്ങളുടെ ചിതറിയ തലച്ചോറുകള്‍ ചിലര്‍ക്ക് പൂക്കളം ആയി തോന്നുന്നു... ചിലക്കു ചാകാന്‍ കിടക്കുന്ന വല്യപ്പന്റെ അവസ്ഥയാണ്.. ഉള്ളില്‍ ബോധമുണ്ട് പറയാന്‍ മേല ....
ഒരു മലാലയെ പറ്റി... ഒരു ദല്‍ഹി പെന്കുട്ടിയെപറ്റി....അങ്ങനെ ഏതോ വിധിവൈപരീത്യം കൊണ്ട് മാധ്യമ, ഭരണകൂട ശ്രദ്ധ പിടിച്ചു പറ്റിയ വിഷയങ്ങളില്‍ പോലും ഉണ്ടായിട്ടുള്ള തരത്തിലുള്ള ഉള്ള ഒരു പ്രതികരണവും എന്‍റെ മഹത്തായ രാജ്യത്തിന്‍റെ ഭാഗത്ത് നിന്നും കണ്ടില്ല... ഒരു വിമാന ദുരന്തമോ ..മറ്റോ ഉണ്ട്ട്കുമ്പോള്‍ ഉള്ള പ്രതികരണം പോലും കുരുന്നു ജീവിതങ്ങള്‍ കൊലചെയ്യപെടുമ്പോള്‍ കണ്ടില്ല.... ചെയ്യുന്നത് മോശമായിപോയി എന്ന് പറയുന്നതിന്‍റെ ഈ ഇടപാടിലുള്ള പദം അപലപിക്കുക എന്നതാണത്രേ......അങ്ങനെ പറയണ്ടാ എന്നാണ് ഈ വിഷയത്തിലെ വിദഗ്ധര്‍ നല്‍കിയ ഉപദേശം.
 കാര്യം ഉണ്ട് ....അത്യവശ്യം ഇത്തിരി ഉണ്ടേം കുഴലും മേടിക്കാന്‍ ആ അളിയന്‍റെ അടുത്തു തന്നെ പോകണം. അളിയന്‍ ഒരു അയല്പക്ക വിഷയത്തില്‍ നിക്കുമ്പോള്‍ ഒന്ന് കേറിചെന്നില്ല എങ്കില്‍ എങ്ങനെയാ....അളിയന്‍ ഇനി മേലില്‍ ഈ വഴി വരണ്ടാ എന്ന് പറഞ്ഞാലോ...അതുകൊണ്ട് ഈയിടെ ഒരു വിരുന്നും പോയി.....
കഥ നീട്ടുന്നില്ല.....പോക്രിത്തരം കണ്ടാല്‍...അതു ശരിയായില്ല എന്ന് പറയാനുള്ള ആര്‍ജവം ഉണ്ടാവണം....അതാണ്‌ പൌരുഷം....അതു മനുഷ്യനായാലും പ്രസ്ഥാനങള്‍ ആയാലും രാജ്യങ്ങള്‍ ആയാലും...
(പൌരുഷം എന്ന് പറഞ്ഞതുകൊണ്ട് ഫെമിനിസ്റ്റുകള്‍ പിനങ്ങണ്ടാ)

തൊടുപുഴക്കാരന്‍ ഒരു ബിനോയ്‌ ഇവിടിരുന്നു കുറിപ്പെഴുതിയാല്‍ എന്ത് കോണം ഉണ്ടാകാന്‍ അല്ലെ.. ഇങ്ങനെ പറഞ്ഞെങ്കിലും ലോക വാര്‍ത്തകള്‍ നല്‍കുന്ന മനസിലെ വിഷമം ഒഴിയട്ടെ എന്ന് കരുതിയാണ്....എല്ലാവരും ഒന്നും വായിക്കണ്ടാ...ചുമ്മാ സ്കിപ് ചെയ്തു വിട്......

Tuesday, July 29, 2014

The figure .....രൂപം ...

The figure: ...ഒരു ജീവിതം മുഴുവന്‍ ഒരു വിശ്വാസത്തില്‍ മുറുകെപ്പിടിച്ചു വളര്‍ന്നു......അതു സ്വന്തം അസ്തിത്വത്തിനു ബാഹ്യ രൂപവും ഭാവവും നല്‍കി....ഒടുവില്‍ ആ വിശ്വാസത്തോടൊപ്പം  കടപുഴകി വീണിട്ടും......മുറുകെപ്പിടിച്ചതെല്ലാം ഉള്ളില്‍ അഴുകി ഒടുങ്ങിയിട്ടും ...കാലം തന്ന ബാഹ്യ ആകാരം ഇന്നും അവശേഷിക്കുന്നു......അറിയാവുന്നവര്‍ എല്ലാം പറയും.. അറിയില്ലേ ? ...  അവന്‍ ആ പഴയ..... ഓ.. ഓ ....അറിയും അറിയും.... ഇപ്പൊ ഓര്‍മ്മ വന്നു ......ആ കാട്ടു മരുതില്‍ ചുറ്റി കയറി വളര്‍ന്ന....ഒടുവില്‍ ആ മരവും മുടിപ്പിച്ചു ....ഉം.... ഉം ....എന്തായാലും ഒടുക്കം.....ആ .. പോകാനുള്ളത് പോയി....ആര്‍ക്കു നഷ്ടം....എങ്ങനായിരുന്നു .. കണ്ടിട്ട്.... ആരോ.....ആ.... എന്തെങ്കിലും ആകട്ടെ ....

Beauty is one of my cusses..The unknown pain of western Ghats…




ആരും അറിയാനില്ല...ആരും ചോദിക്കാനും....എല്ലാം ഉടയോര്‍ തീരുമാനിക്കന്നു......സര്‍ക്കാരാണ് ചെയ്യുന്നത് ... മറുചോദ്യം ഇല്ല......യന്ത്രങ്ങളുടെ മുരള്‍ച്ച....ഇരുമ്പ് കൈപ്പത്തികള്‍ മാന്തികീറിയ മേനി....ചക്രങ്ങള്‍ ഉരുളാന്‍ പാകപ്പെടുത്തുന്നു....വികസനമാണ് ......മറുവാക്ക് പറയരുത്....അതു ദേശപുരോഗതിക്ക് എതിരാവും....വെറും വികസനം അല്ല .പ്രോജക്റ്റ് ആണ്..സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്...
..എല്ലാറ്റിനും കാരണം അവനാണ്..ആ ഇല്ലിക്ക കല്ല്‌....അവനെ തേടി വന്നവരാണ് ഈ സൌന്തര്യം മാലോകരെ അറിയിച്ചത്...  
കുറച്ചു കിഴക്ക് മാറി വാഗമണ്‍ കുന്നുകള്‍... അവര്‍ സഹോദരിമാരാണ് ....സ്വന്തം സൌന്ദര്യവും ഊഷ്മളതയും മനുഷ്യനായി ആസ്വദിക്കാന്‍ നല്‍കി ഒടുവില്‍ ഇന്നു അങ്ങഭംഗം വന്ന വാസവദത്തയെ പോലെ ഉപഗുപ്തസമാഗമവും പ്രതീക്ഷിച്ചു ഊര്‍ധ്വന്‍ വലിക്കുന്നു...ഇനി അവളില്‍ ഒന്നും അവശേഷിക്കുന്നില്ല....

വെറുപ്പോളം ആസ്വദിച്ചു വിരക്തി വന്നപ്പോള്‍ ...ഇളം മേനി തേടി മനുഷ്യര്‍ ഇവിടെയും എത്തി....ശരിയാണ് അവരെക്കാള്‍ കുളിര്‍മയുണ്ടു ഈ മേനിക്കു...
നാളെ ഈ പുതിയപാതവക്കില്‍ രമ്യഹര്‍മ്യങ്ങള്‍ ഒരുങ്ങും. പൂമുഖത്ത് സുന്ദരന്മാരും സുന്ദരിമാരും നിന്ന് സ്വാഗതമരുളും.. നൈര്‍മല്യം ഉള്ള ഈ കോടമഞ്ഞില്‍ ചൈനീസ് പാചകത്തിന്റെ കുത്തല്‍ കലരും... മനോഹര ആകാശ ദൃശ്യങ്ങളെ വൈദ്യുത കമ്പികള്‍ വലകെട്ടി മുറിക്കും. ...ആഡംബര വാഹനങ്ങള്‍ കുന്നുകയറി വരും...സ്പടിക കുപ്പികള്‍ കല്ലുകളില്‍ വീണു ചിതറും....താഴ്വാരങ്ങള്‍ കുപ്പതോട്ടികള്‍ ആകും....ഉചിഷ്ടങ്ങള്‍ ആസ്വദിക്കാന്‍ താഴെ എലികളും നരികളും കാത്തുനില്‍ക്കും ...

ഏതോ രക്ഷകര്‍ വരുന്നു എന്ന് കേട്ടിരുന്നു...അവര്‍ വന്നു പോയി... ഇവിടെ വന്നില്ല..കണ്ടുമില്ല... അറിഞ്ഞുമില്ല......മറ്റെവിടോക്കെയോ പറന്നു നടന്നു നോക്കി...കപ്പയും വാഴയും മാവും പ്ലാവും നട്ടവരെ ചീത്തവിളിച്ചു തിരിച്ചു പോയി......അടിച്ചിറക്കാന്‍ പറഞ്ഞിട്ടുപോയി... വിവാഹ ബന്ധവും വ്യഭിചാരവും തിരിച്ചറിവില്ലാത്തവര്‍.....അല്ലെങ്കില്‍ അവര്‍ക്ക് പ്രജാപതികളെ ഭയമായിരുന്നു..... 

Monday, July 28, 2014

ശേഷിപ്പുകളുടെ നൊമ്പരങ്ങള്‍...

ശേഷിപ്പുകളുടെ നൊമ്പരങ്ങള്‍...
ഞാന്‍ മരിച്ചതല്ല.. എന്നെ കൊന്നതാണ്....നിങ്ങള്‍......
ഞാന്‍ എത്ര വയസുവരെ ജീവിച്ചിരുന്നു എന്ന് ഓര്‍മയില്ല....ഒന്നോര്‍മയുണ്ട് അന്ന് ഞാന്‍ ചെറുപ്പമായിരുന്നു....നല്ല കരുത്തനായിരുന്നു...ഒരു കാടു കൊമ്പന്‍ എന്നും എന്‍റെ മേല്‍ മുതുകു ഉരക്കുമായിരുന്നു ...എനിക്ക് അപ്പോഴൊക്കെ ഇക്കിളിയാകുമായിരുന്നു....ഇവടെ മുഴുവന്‍ ഞങളുടെ കൂട്ടരായിരുന്നു....മൂന്നോ നാലോ കിളികള്‍ എന്‍റെ കൊമ്പില്‍ കൂട് കെട്ടിയിരുന്നു...അന്ന് എന്നെ കൊന്നപ്പോള്‍ താഴെ വീണു നിലവിളിക്കുന്ന കിളികുഞ്ഞിന്റെ കരച്ചില്‍ അവസാന ശ്വാസം പോകുംമുന്പു ഞാന്‍ കേട്ടതോര്‍ക്കുന്നു...
നിങ്ങള്‍ ഡാം നിര്‍മിച്ചതില്‍ എനിക്ക് പരിഭവം ഇല്ല....മനുഷ്യനു വെള്ളവും വൈദ്യുതിയും ഒക്കെ വേണം... ഞങ്ങളില്‍ കുറെ പേര്‍ അതിനു ത്യാഗം സഹിച്ചേ പറ്റു ....പക്ഷെ എന്‍റെ ചോദ്യം അതല്ല...ഇത്രയും ഉയരത്തില്‍ നിന്ന എന്നെ എന്തിനു കൊന്നു...വര്‍ഷത്തില്‍ ഏറിവന്നാല്‍ ഒരു രണ്ടു മൂന്നു മാസം മാത്രമാണ് എന്‍റെ ചുവട്ടില്‍ വെള്ളം എത്തുകയുള്ളൂ....അത്രയും ഒക്കെ പിടിച്ചു നില്‍ക്കാന്‍ ഞങ്ങളില്‍ പലര്‍ക്കും ആകുമായിരുന്നു....ആരോ പറഞ്ഞു കേട്ടു ഡാമില്‍ ബോട്ട് ഓടിക്കുമ്പോള്‍ ഞങ്ങള്‍ ഒരു തടസമാനു അത്രേ...എന്നിട്ട് ഇപ്പോള്‍ നിങ്ങള്‍ ആരെയെങ്കിലും ഇതുവഴി ബോട്ടില്‍ കൊണ്ട് വരാറുണ്ടോ? ഇല്ലല്ലോ...സുഹൃത്തേ ഇന്നു നിങ്ങള്‍ കാണുന്ന എന്‍റെ ഈ ശേഷിപ്പുകള്‍ അന്ന് മണ്ണിനടിയില്‍ ആയിരുന്നു....എല്ലാം ഒളിച്ചു പോയി...എത്രയോ അടി മണ്ണ് എന്‍റെ ചുറ്റിലും ഒലിച്ചിറങ്ങി.......ഇന്നു കാലം എന്നില്‍ ജീര്‍ണത നല്‍കിയപ്പോള്‍ അതില്‍ നിങ്ങള്‍ ശില്പ ഭംഗി കണ്ടെത്തുന്നു....ഇരുന്നും കിടന്നും ഉരുണ്ടും അതു ക്യാമറയില്‍ പകര്‍ത്തുന്നു...കൊള്ളാം....എന്നിട്ട് ആരെയെങ്കിലും കാണിച്ചു കയ്യടി വാങ്ങാന്‍ ശ്രമിക്കുന്നു....ആയിക്കോട്ടെ വിരോധം ഇല്ല....ഒന്നിത്രടം വരാന്‍ തോന്നിയല്ലോ....നന്ദി സ്നേഹിതാ നന്ദി.....

Profile may not be real....


Profile may not be real....ഭീകരന്‍ ആണിവന്‍.. കൊടുംഭീകരന്‍....
.ഇത്തിരി പരുഷമായ മുഖം ജന്മം കൊണ്ട് കിട്ടിയാല്‍ അവന്‍ മനുഷ്യപറ്റു ഇല്ലാത്തവന്‍........കൊതികൊണ്ട് ഒരു കൊമ്പന്‍ മീശ വെച്ചാല്‍  തെമ്മാടി...ഒന്ന് നന്നായി ചിരിക്കാന്‍ അറിയാത്തവന്‍ ക്രൂരന്‍....ഒന്നും മിണ്ടിയില്ലെങ്കില്‍ അരസികന്‍ ....മിണ്ടിയാലോ പുങ്കന്‍.......കാലം തെറ്റി കഷണ്ടിയോ നരയോ വന്നാല്‍ വയസന്‍.....(എന്നെയല്ല ഉദ്ദേശിച്ചത്) .....ഈ ലോകത്ത് ജീവിക്കാന്‍ വല്യപാടുതന്നെ  സോദരാ.....

The Strive....

കോറ്റിയും കോമനും കലപ്പയും പിന്നെ കണ്ടവും.......
കൊക്കും കുമാരനും പിന്നെ ടില്ലരും .....
പിന്നെ ട്രാക്ടറും വാച്ച് കെട്ടിയ ഡ്രൈവര്‍ ജോണിയും വന്നു......
പണ്ടൊക്കെ കലപ്പയില്‍ മറിഞ്ഞു വീഴുന്ന മണ്പോളകളുടെ കര.. കര ശബ്ദവും.....ചെളിയുടെ ഗന്ധവും .... മാക്രികളും ....നീര്‍ക്കോലി കുഞ്ഞുങ്ങളും .ഞവണി പൊട്ടുകളും ...അനിവാര്യമായ കര്‍മത്തില്‍ ബാലികഴിക്കപ്പെട്ട പാതി മുറിഞ്ഞ ഞാഞ്ഞൂലുകളും .... ......അങ്ങനെന്തോക്കെ വിഭവങ്ങള്‍ നിങ്ങള്‍ക്കായി............
കോറ്റികളെ ....ഇന്നു നിങ്ങള്‍ മത്സരിക്കാന്‍ വിധിക്കപ്പെട്ടവര്‍ ....ഫാക്ടംഫോസിന്റെ .. യൂറിയയുടെ .. എക്കാലകസിന്റെ ...പരാമരിന്റെ .. മണമുള്ള ഈ വിഷ ചെളിയില്‍ നിങ്ങള്‍ ഒന്ന് കൊത്തി വിഴുങ്ങാന്‍ എന്ത് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.....ഞാന്‍ കുറെ നേരമായി നോക്കിയിരിക്കുന്നു....ഈ യന്ത്രത്തിന് ചുറ്റും നിങ്ങള്‍ ചുറ്റി പറക്കുന്നു.. അടിയില്‍ വീണു പോകാതെ സൂക്ക്ഷിക്കണേ........വല്ലതും കിട്ടിയാല്‍ ഒന്ന് പറയണേ...ഇനിയും എന്തൊക്കെയോ ഈ മണ്ണില്‍ അവശേഷിക്കുന്നു എന്നറിഞ്ഞു ഞാന്‍ പൊയ്ക്കോളാം.....

Spider mind...innocent....



Spider and prey: "പഴച്ചാറും ഇളനീരും കഴിച്ചു ജീവിക്കാന്‍ ആകുമായിരുന്നെങ്കില്‍ ഞാന്‍ നിന്നെ വലവീശി പിടിക്കുകില്ലയിരുന്നു....എനിക്ക് വിശക്കുന്നു.. ഞാന്‍ എന്ത് ചെയ്യും....നിന്നോട് എന്ത് പറയണം എന്ന് എനിക്കറിയില്ല.....ഉഗ്രവിഷം കൂടുതല്‍ കുത്തിവെച്ചു വേദന അറിയിക്കാതെ നിന്‍റെ ഈ പിടച്ചിലും ഭയവും ഞാന്‍ പെട്ടന്ന് അവസാനിപ്പിക്കാം.....എന്‍റെ ശരീരത്തെയും കൊതിയോടെ നോക്കിയിരിക്കുന്ന ആരുടെയോ ഗന്ധം എനിക്കും അറിയാന്‍ പറ്റുന്നുണ്ട്....പക്ഷെ അതുവരെ എനിക്ക് നിലനില്‍ക്കണം....മാപ്പ് സ്നേഹിതാ...." 

ഏതാണ് ശരി ഏതാണ് തെറ്റ് ...ആരാണ് ശരി തെറ്റുകള്‍ വേര്‍തിരിച്ചത്....അല്ലെങ്കില്‍ എന്താണ് തെറ്റ് ശരി.....ഒന്നും മനസിലാകാതെ ഞാന്‍ നിന്നു ...പ്രകൃതിയുടെ ഈ നിയതിക്ക് ഭംഗം വരുത്താതെ......ഞാന്‍ വിചാരിച്ചാല്‍ ഒഴിവാക്കാമായിരുന്ന ഒരു ജീവഹത്യ കണ്ടുനിന്ന വിഷമത്തോടെ തിരിഞ്ഞു നടന്നു......

ഞാന്‍ തക്ഷകന്‍ അല്ല ...

ഞാന്‍ തക്ഷകനല്ല...ഇവന്‍ പറഞ്ഞു ...പണ്ട് ഇത്തിരി പുരാണ കഥകള്‍ ഒക്കെ വായിച്ചിട്ടുള്ളത് ഓര്‍ത്തപ്പോള്‍ എനിക്ക് ആ പേര് ഓര്‍മ്മവന്നത് ഇവന്‍ എങ്ങനെ മനസിലാക്കി.....ഇവന് പരഹൃദയ ജ്ഞാനം ഉണ്ടോ? ? .....സുന്ദരനാനവന്‍.....ഞാന്‍ തൊട്ടു നോക്കി...ഇവനില്‍ വിഷമില്ല... എന്തിനു.... അല്പം ചൊറിച്ചില്‍ പോലും ഇല്ല ....പാവം..... ഇവന്‍റെ ജനുസില്‍ പെട്ട ഒരുത്തന്‍റെ ഫോട്ടോ എടുക്കാന്‍ ഞാന്‍ നോക്കി നടക്കുകയായിരുന്നു  കഴിഞ്ഞ മാസമാണ്  അവനെ കണ്ടത്...ഇടുക്കി കാടിന് ...നടുവില്‍.....

Sunday, July 27, 2014

Thattekkadu: Periyar Baisin : Monsoon walk:


























 Thattekkadu: Periyar Baisin : Monsoon walk: പെരിയാര്‍ ഒരു സുന്ദരിയാണ്...ഉത്ഭവം മുതല്‍ അങ്ങ് മഹാസാഗരത്തില്‍ ലയിച്ചു ചേരുന്നതുവരെ അവള്‍ക്കു എത്ര എത്ര ഭാവങ്ങള്‍... 
പ്രണയഭാവം അവളെ ഏറ്റവും സുന്ദരിയാക്കുന്നത് തട്ടേക്കാടാണ്.........വര്‍ഷകാലത്തു ഭൂതത്താന്‍കെട്ട് ഡാം തുറന്നു വിടുമ്പോള്‍ എല്ലാ വീര്‍പ്പുമുട്ടുകളും ഒഴിഞ്ഞു അവള്‍ ലാസ്യവതിയാകും...തീരങ്ങള്‍ ഇളംപച്ച ദാവണി ഉടുത്ത തോഴിമാരാകും.....അതിനു അതിര്‍ത്തിയിട്ടു നിബിഡ വനം....എത്ര എത്ര ഇനം കിളികള്‍....ഒന്ന് കാതോര്‍ത്താല്‍ മനസുകുളിര്‍ക്കുന്ന പ്രകൃതിയുടെ സംഗീത വിരുന്നു തന്നെ....ഇടയ്ക്കു പുല്മേടില്‍ തുള്ളികളിക്കുന്ന മാനുകള്‍...
ഉള്‍ക്കാടുകള്‍ കാണാനും കിളി കൊഞ്ചല്‍ കേള്‍ക്കാനും ഉള്ള ആഗ്രഹം ഞാന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു...ഇന്നു ഈ തീരം വഴി ഒന്ന് നടക്കുകതന്നെ...അങ്ങ് താഴെ പെരിയാറും ഇടമലയാറും സന്ധിക്കുന്ന കൂട്ടിക്കല്‍ വരെ...
ഡാം നിറഞ്ഞുകിടക്കുംപോള്‍ തടാകരൂപം ആയിരുന്ന കൈവഴികള്‍ പച്ചവിരിച്ച മനോഹര പുല്‍മൈതാനം ആയികിടക്കുന്നു  .എന്തിനാ കൂടുതല്‍ കഥപറയുന്നത് ...ഈ ചിത്രങ്ങള്‍ എല്ലാം പറയും......
(വര്‍ഷകാലത്ത് ഡാം തുറന്നു വിടുമ്പോള്‍ ആണ് ഇ മനോഹാരിത ആസ്വദിക്കാന്‍ ഒക്കുക ..ഡാം അടക്കുമ്പോള്‍ ഇതെല്ലാം തടാക രൂപം ആകും...
    പെരിയാറും ..ഇടമലയാറും പിന്നെ ഒരു വശത്ത്‌ ജനവാസ മേഘലയും അതിരിടുന്നതിനാല്‍ ഈ വനത്തില്‍ ആനയെ ഭയക്കണ്ട. എങ്കിലും വനമാണ് അതിനു അതിന്‍റെതായ ബഹുമാനം നല്‍കണം...കണ്ണും കാതും തുറന്നിരിക്കണം .കുടുംബവും കുഞ്ഞുങ്ങളും ആയി ധൈര്യമായി സന്ദര്‍ശിക്കാം...
.     അല്പം ചെളിയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ ഉതകുന്ന വസ്ത്രങ്ങളും പാദരെക്ഷകളും കരുതുക....പിന്നെ കാട്ടിലെ ആഥിതേയരെ കാണണം എന്നുണ്ടെങ്കില്‍ ഏറ്റവും പ്രധാനം നിശബ്ദമായി മെല്ലെ കണ്ടു നടക്കുക എന്നതാണ്...)
.ഒരപേക്ഷമാത്രം..... ദയവായി ശ്രദ്ധിക്കണേ......കരുതിപോകുന്ന ഭക്ഷണ പാനീയങ്ങള്‍ ആസ്വദിച്ചശേഷം  അവശിഷ്ടങ്ങളും മാലിന്യങ്ങളും അവിടെ ഉപേക്ഷിക്കാതെ തിരികെ കൊണ്ടുവരാന്‍ ഉള്ള ധാര്‍മികത പുലര്‍ത്തണം.........
ക്ഷികളെയും ഭാഗ്യവശാല്‍ കണ്ടുമുട്ടുന്ന മൃഗങ്ങളെയും ദയവായി ഭയപ്പെടുത്തരുത്....പറുദീസാ ഭൂമിയില്‍ തന്നെയാണ്...അതിനെ കളങ്കപ്പെടുത്തരുതേ .....പ്ലീസ്...... 

Saturday, July 26, 2014

The flood ...Thodupuzha river 2013

The flood (പ്രളയം)......കുട്ടിക്കാലം മുതലേ പുഴ അവന്‍റെ കളിക്കൂട്ടുകരനാണ്.....പക്ഷെ ഇന്നു അവന്‍ വല്ലാതെ പിണങ്ങി....കലിതുള്ളി....അവശേഷിപ്പിച്ചത് ഇതു മാത്രം........

The last chapter....a rare snap from western ghat Idukki

The last chapter : ചെറുപ്പമായിരുന്നു....പൂവണിഞ്ഞില്ല ....പൂമണവും പരന്നില്ല ..പരാഗണം നടന്നില്ല....കാലമെത്താതെ എല്ലാം വെറും സ്വപ്നങ്ങളായി അവസാനിച്ചു അല്ലെ.......
എനിക്കറിയാം.... ഇത്തിരി ദാഹനീരിനായി നീ കൊതിച്ചു....ആവുന്നത്ര പിടിച്ചുനിന്നു..പ്രതീക്ഷയോടെ...പഞ്ഞി തുണ്ടുകള്‍  പോലെ പറന്നു വന്ന മേഘശകലങ്ങള്‍  കൊതിപ്പിച്ചു കടന്നുപോയിട്ടുണ്ടാവണം..അകലെ ഏതോ കുന്നിന്‍ചെരുവില്‍ പെയ്തിറങ്ങിയ  ഇത്തിരി മഴയുടെ കൊതിപ്പിക്കുന്ന കാഴ്ച എത്രവട്ടം പ്രതീക്ഷ നല്കി.. .ഉഗ്രതാപത്തില്‍ തൊലി പൊള്ളിപോളിഞ്ഞപ്പോഴും എത്ര പ്രതീക്ഷയോടെയായിരുന്നു നീ കാത്തിരുന്നത്... 
ഇനിയും നിന്നില്‍ ജീവന്‍റെ തുടിപ്പുകള്‍ അവശേഷിക്കുന്നുണ്ടോ....എന്‍റെ ഭാണ്ഡത്തില്‍ ഞാന്‍ കരുതിപോന്ന അവശേഷിക്കുന്ന ഇത്തിരി തുടങ്ങള്‍ ദാഹജലം ഞാന്‍ നിനക്ക് നല്‍കട്ടെ ..എന്‍റെ ഒരു മനസമാധാനത്തിനായി സ്വീകരിക്കുക.......ഇനി ഞാന്‍ ഒരിക്കല്‍ വീണ്ടും വരുമ്പോള്‍ കണ്ടുമുട്ടാനാകുമോ.. ...
നല്ല തമാശ....ഇനി വരാന്‍ ആകുമോ എന്ന് എനിക്കെങ്ങനെ അറിയാം.....പക്ഷെ അങ്ങനെ പറയാന്‍ പാടില്ല എന്നാ പ്രമാണം....അര്‍ത്ഥശൂന്യമായ ഉപചാര വാക്കുകളും പ്രതീക്ഷകളും ഞങ്ങള്‍ മനുഷ്യരുടെ കൂടപ്പിറപ്പാണ്...വരട്ടെ ....വീണ്ടും കാണാം....

Hornbill the state bird of Kerala



Hornbill (മലമുഴക്കി വേഴാമ്പല്‍ ) കാട്ടില്‍ ഒത്തിരി ആഥിതേയര്‍ ഉണ്ട്....പക്ഷെ വല്ലപ്പോഴും വിരുന്നു പോകുന്ന നമുക്ക് അവരെ ഒന്ന് കാണാന്‍ കിട്ടുക ഒരു ഭാഗ്യമാണ് ......കുട്ടമ്പുഴ ആനക്കയം ഭാഗത്താണ് ഈ സുഹൃത്തിനെ സന്ധിച്ചത്.....വല്യ നാണക്കാരന്‍ ആണ്........ഇത്രയും വല്യ ചുണ്ടുള്ളത് പുള്ളിക്ക് മനസ്സില്‍ ഒരു കുറച്ചില്‍ ആണ് എന്ന് തോന്നും ഭാവങ്ങളും ചലനങ്ങളും കണ്ടാല്‍........

Meenuliyampara, Idukki, Kerala








Meenuliyampara (മീനുളിയാംപാറ) ...തൊടുപുഴ -വണ്ണപ്പുറം ..മുള്ളരിങ്ങാട് -പട്ടയകുടി ...അങ്ങനെ പോകുന്നു യാത്ര..ആദ്യം കയറ്റം കയറി വണ്ടി മടുക്കും...പിന്നെ കാല്‍നട കയറ്റം...ഒരു കൂമ്പന്‍ പാറ.. മുകളില്‍ എത്തുമ്പോഴേക്കും കയ്യില്‍ കരുതിയ ഒരുകുപ്പി വെള്ളം ഒറ്റവലിക്ക് തീരും....അതിനുമുകളില്‍ ഒരു വിസ്മയമായി ഏതു വേനലിലും വാടാതെ കരിയാതെ കുളിര്‍മയേകുന്ന ഒരു വനം..കൂറ്റന്‍ മരങ്ങള്‍... വള്ളിപടര്‍പ്പുകള്‍ കൊടിയ ചൂടിലും കാടിനുള്ളില്‍ എ സി കാലാവസ്ഥ.. .മരങ്ങള്‍ മണ്ണ് സംരക്ഷിക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാന്‍ ഇതിലും നല്ല ഉദാഹരണം ഇല്ല....പശ്ചിമഘട്ട മലനിരകള്‍ പടവുകള്‍ പോലെ മാനത്തേക്ക് ഉയര്‍ന്നു അകന്നു അകന്നു ഉയര്‍ന്നു പോകുന്നു....മലയിടുക്കുകല്‍ക്കിടയിലൂടെ പെരിയാര്‍ കിലോമീറ്ററുകളോളം ഒരു നേര്‍ത്ത അരുവി പോലെ ഒഴുകുന്നു....മുട്ടുകാലു കൂട്ടിയിടിക്കുന്ന അത്ര ഉയരം...കിഴുക്കാംതൂക്കായ താഴ്വാര ദ്രിശ്യം .....സാഹസപ്രിയര്‍ക്കു അഗാധത ആസ്വദിക്കാന്‍ പ്രകൃതിതന്നെ ഒരുക്കിയ ബാല്‍ക്കണികള്‍...വേനല്‍ക്കാലത്ത് ചുവന്ന സന്ധ്യകള്‍ കുന്നുകളെ കുംകുമം അണിയിക്കുന്നത്‌ കാണാന്‍ എന്ത് ഭംഗിയെന്നോ........

Friday, July 25, 2014

Ramakkalmedu, Idukki Kerala









Ramakkalmedu (രാമക്കല്‍മേട്‌) ....ഇത്തിരി ഉയരത്തില്‍ കയറിയിരുന്നു എന്തും  നോക്കികാണാന്‍ ഒരു ഭംഗിയുണ്ട്....അകലകാഴ്ച.....വിഹഗവീക്ഷണം ....തുടങ്ങിയ പ്രയോഗങ്ങള്‍ ഒക്കെ ഇങ്ങനെ പണ്ടാരോ കുറച്ചു മുകളില്‍ കയറിയിരുന്നപ്പോള്‍ ഉണ്ടായതായിരിക്കും....എന്തായാലും ..ഈ ഉന്നതിയില്‍ നിന്നും പരന്നു കിടക്കുന്ന തമിഴകം നോക്കികാണാന്‍ വല്ലാത്ത ഒരു ചന്ദം ഉണ്ട്....വിശാലമായ താഴ്വാരത്തുനിന്നും വീശിയടിക്കുന്ന കാറ്റില്‍ ഇടറിവീഴാതെ അങ്ങ് അകലേക്ക്‌ നോക്കി നിക്കുക വല്ലാത്തൊരു അനുഭവം തന്നെ....തമിള്‍ മക്കള്‍ വിളവെടുപ്പ് കഴിഞ്ഞു ഉഴുതു മറിച്ചു ഇടിരിക്കുന്ന കൃഷിയിടങ്ങള്‍ പാണ്ടി ദേശത്തെ ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു ..ഒരു ഗൂഗിള്‍ മാപ്പ് ചിത്രം പോലെ.....ഇനി പച്ചപരവതാനി വിരിക്കുമ്പോള്‍ ഒന്നുകൂടി വരണം......