RV Hits

Tuesday, September 30, 2014

കാടുകള്‍ ചുവന്നപ്പോള്‍ .....


ബോട്ടണി ഞാന്‍ പഠിച്ചിട്ടില്ല....അതുമൂലം എങ്ങനെ ഈ കാടുകള്‍ ചുവന്നു എന്ന  ശാസ്ത്ര ചിന്തയും ഉണ്ടായില്ല...
.അധികം ചരിത്രവും അറിയില്ല....അല്ലെങ്കില്‍ പഴശിയുടെ ഒളിപ്പോരും പറങ്കി പടയുടെ കുതിര കുളംബടിയും ടിപ്പുവിന്‍റെ പടയോട്ടവും ....അതില്‍ മണ്ണില്‍ വീണ ചോര ചുവപ്പും ...പില്‍ക്കാലത്തു ഭരണ വര്ഗ്ഗത്തിനെതിരെ  വിപ്ലവ വീര്യത്തിന്‍റെ ചുടു ചുവപ്പും ഈ മണ്ണിനു രക്തഗുണം നല്‍കി ഈ ചുവപ്പിനു കാരണമായി എന്ന്ഞാന്‍ വിചാരിച്ചേനെ.........

ഒന്നും വിചാരിച്ചില്ല....പുലര്‍കാലത്തെ നേര്‍ത്ത കുളിരില്‍ പച്ചയും ചുവപ്പും വര്‍ണ്ണങ്ങള്‍ നല്‍കിയ ഭംഗി മാത്രം  ആസ്വദിച്ചു കുറെ നേരം ആ വഴിവക്കില്‍ ഞാന്‍ നിന്നു.....

ഇങ്ങനെയുണ്ടോ ഒരു പേടി.....


ഇങ്ങനെയുണ്ടോ ഒരു പേടി...എന്തൊരു നാണം...എന്നിട്ട് പേര് വിളിക്കുന്നതോ "കൂരന്‍" ...അത് എനിക്ക് ഇഷ്ട്ടപ്പെട്ടില്ല ....ഇത്തിരികൂടി ഓമനത്വം ഉള്ള ഒരു പേരിടാമായിരുന്നു .....ഒരു പടം എടുക്കാന്‍ ഇത്തിരി പാട് പെട്ടൂ.....ഒടുവില്‍ ഒരു വിധം ഒപ്പിച്ചു....തിരികെ വഴിയില്‍ എത്തിയപ്പോള്‍ കാലു നിറയെ തോട്ടപ്പുഴു....ഇപ്പോള്‍ കുത്തിയിരുന്ന് ചൊറിച്ചില്‍ തന്നെ....ഒരു മാസം ചോറിയെണ്ടിവരും....

ഒറ്റയാന്‍ ....



ബത്തേരിയില്‍ നിന്നും പുല്പ്പള്ളിക്ക് പുലര്‍ച്ചെയോ സന്ധ്യക്കോ യാത്ര ചെയ്‌താല്‍ ഇവനെ കാണാതെ പോകില്ല...ആദ്യം കാണുന്നവര്‍ ഒന്ന് ഭയക്കും...പേടിക്കേണ്ടാ.. ഇവനാണ് പുല്പ്പള്ളിക്കാരുടെ സ്വന്തം മണിയന്‍.....എപ്പോഴും മനുഷ്യനെ കണ്ടുകൊണ്ടിരിക്കുകയാണ് ഇവനിഷ്ടം...സ്വന്തം കൂട്ടരോട് ഒട്ടും താല്പര്യം ഇല്ല...നടുറോട്ടില്‍ നില്‍ക്കുന്ന ഇവന്‍റെ അടുത്തുകൂടി ബൈക്കിലും മറ്റും നാട്ടുകാര്‍ കടന്നു പോകുന്നത് കണ്ടാല്‍ ഒരു ലോറിക്ക് സൈഡ് കൊടുക്കുന്ന ലാഘവം.....മനുഷ്യനോടു കൂട്ട് കൂടിയതിനാണോ എന്തോ സ്വജാതി തന്നെ ഈയിടെ അവനെ കുത്തി പരിക്കേല്‍പ്പിച്ചു...ഇപ്പോള്‍ വനപാലകരുടെ ചികിസ്തയിലാണ് കക്ഷി...കഴുത്തില്‍ റേഡിയോ കോളര്‍ ബെല്‍ട്ടും പിടിപ്പിച്ചിട്ടുണ്ട്....കുറച്ചു നേരം ഒരു വിധം അടുത്ത നിന്നു കാണാന്‍ ഉള്ള ഭാഗ്യം എനിക്കും കിട്ടി....

Friday, September 26, 2014

പുനരെത്ര വിശേഷം......


സെന്‍സര്‍ ബോര്‍ഡിന്‍റെ കത്രികക്കിരയാകാതിരിക്കാന്‍ ഇരയിമ്മന്‍ തമ്പിയുടെ സൃങ്ങാര പദങ്ങള്‍ കടം എടുക്കട്ടെ...

"നിന്‍റെ മദന ഭ്രാന്തിനാലതിതാന്തി പൂണ്ടു നിതാന്തമിങ്ങനെ
കാന്ത കൃതം സുര താണ്ട മഹോത്സവ ഘോഷം ......
പുനരെത്ര വിശേഷം..........."

Neelgiri thar (വരയാട്)











Neelgiri Thar: (വരയാട്)..ഈ ചങ്ങാതിമാരെ കണ്ടുമുട്ടിയത്‌ മനോഹരമായ വാല്‍പ്പാറ കുന്നിന്‍ ചെരുവുകളില്‍ ആണ്....വലിയ ഭയം ഒന്നുമില്ല...അടുത്തു ചെന്ന്കു കുറെ ചിത്രങ്ങള്‍ എടുത്തു....കുറെ നിഷ്കളങ്ക മുഖങ്ങള്‍....

Thursday, September 25, 2014

Malabar Giant Squirrel.....






പുലര്‍കാല സുന്ദര സ്വപ്നത്തില്‍ .....മരചില്ലകള്‍ക്കിടയില്ലൂടെ അരിച്ചിറങ്ങുന്ന ഉദയകിരണങ്ങള്‍........ഇങ്ങനെ കിടന്നുറങ്ങാന്‍ എന്ത് രസം.....
ഇതാരാ ഇപ്പൊ ഈ രാവിലെ...കയ്യില്‍ ഒരു കറുത്ത കിടുതാപ്പുമായി...ശല്ല്യം .....
ഇവന്‍റെ ഉദ്ദേശം എന്താ?....ആലോചിചിരുന്നിട്ടു കാര്യമില്ല....താന്‍ പാതി എന്നല്ലേ പ്രകൃതി നിയമം....
എന്നാ ഒന്ന് എന്‍റെ പുറകെ കയറി നോക്ക്...നിനക്ക് പറ്റുമെങ്കില്‍..........................
.ഒന്ന് പോടാപ്പാ....
ഏയ്‌...കുഴപ്പക്കാരനല്ല എന്ന് തോന്നുന്നു......രാവിലെ ഉറക്കം കളയാന്‍ ഓരോ മാരണങ്ങള്‍ വന്നോളും... കാട്ടിലും സ്വയര്യം തരില്ല ....  

Saturday, September 20, 2014

Domestic Life photography ..??



ഡോമസ്ടിക് ലൈഫ് ഫോട്ടോഗ്രഫി....അങ്ങനെ ഒരു വിഭാഗം ഫോട്ടോഗ്രഫി മേഘലയില്‍ ഉണ്ടോ ?..അറിയില്ല ....ഇതെന്തായാലും ഇത് സംഗതി അതാണ്‌...എളുപ്പം ഉണ്ടല്ലോ....ആന പിടിക്കും എന്ന് പേടിക്കുകയും വേണ്ട...പ്രത്യേകിച്ച് ചിലവും ഇല്ല...

വീടിനു ചുറ്റും കിളിയോച്ച...മുറ്റത്തു മാവിന്‍ചുവട്ടില്‍ ഒരു ലവ് ബേര്‍ഡ്സ് കൂടുണ്ട്‌....കിളികളെ കൂട്ടില്‍ ഇടുന്നതില്‍ എനിക്കും യോജിപ്പില്ല....പക്ഷെ ഇവക്കു അങ്ങനെയേ ജീവിക്കാന്‍ സാധിക്കു...തനിയെ ഇര തേടാനോ കൂടുകൂട്ടാനോ ..സ്വയം രക്ഷിക്കാനോ അവക്കറിയില്ല....എന്തായാലും ഇവയുടെ കലപിലാ ഒച്ച ഒരു കാട്ടില്‍ ഇരിക്കുന്ന പ്രതീതി തരും...വീട്ടുകാര്‍ക്ക് അത്യാവശ്യം പക്ഷി പ്രേമം ഉണ്ട് എന്ന് മനസിലാക്കി വേറെ കുറെ പേര്‍ വന്നു കൂടിയിട്ടുണ്ട്...

പകല്‍ ഈ കിളിക്കൂടിനു താഴെ കുരുവികളുടെ ഒരു കൂട്ടം തന്നെയുണ്ട്‌...തീറ്റ ഇട്ടുകൊടുക്കുന്ന തിന ധാരാളം താഴെ വീണു കിടപ്പുണ്ടാവും...ഈയിടെയായി താഴെ വരുന്ന കൂട്ടുകാര്‍ക്ക് കൂട്ടിലെ ചങ്ങാതിമാര്‍ തീറ്റ കൊത്തി തൂവി താഴേക്ക്‌ ഇട്ടു കൊടുക്കുനുണ്ടോ എന്നൊരു സംശയവും ഉണ്ട്....തിനക്ക് നല്ല ചിലവ്....ഈയിടെ വിലയും വല്ലാതെ കൂടിയിട്ടുണ്ട്..

തീറ്റക്ക്‌ കഷ്ട്ടപ്പെടെണ്ട ....എങ്കില്‍ പിന്നെ താമസവും ഇവിടെതന്നെയാക്കി...മാവില്‍ നിറയെ കുരുവി കൂടുകളാണ്...താമസം മുകളില്‍... തീറ്റ തൊട്ടു താഴെ...സംഗതി സുഖം....
പണ്ടൊക്കെ തേങ്ങ എണ്ണം കണക്കായിരുന്നു വില.. ഇപ്പോള്‍ തൂക്കിയാണ് കടകളില്‍ കിട്ടുന്നത് ....ഇടയ്ക്കു പൊതിക്കാത്ത തേങ്ങ വാങ്ങാറുണ്ട്....അതുകൊണ്ട് അത്യാവശ്യം ചകിരി പിന്നാമ്പുറത്തുന്ടാവും....കൂട് വെക്കാന്‍ ചകിരിനാരിനു  പഞ്ഞമില്ല....കൂട് അലങ്കരിക്കാന്‍ ലവ് ബേര്‍ഡിന്റെ പൊഴിഞ്ഞു വീഴുന്ന പല വര്‍ണ്ണത്തിലുള്ള മനോഹര  തൂവലുകളും......ഇതില്പരം എനാ വേണം....ഒരു ഫാമിലി പുതിയ കൂട് ഉണ്ടാക്കി അവസാന മിനുക്ക്‌ പണികളില്‍ ആണ്.....
ലവ്ബേര്‍ഡ് കൂടിനു താഴെ ചുവന്ന ഉറുമ്പിന്‍ കൂടാണ് ....പക്ഷെ ഒന്ന് പോലും മുകളില്‍ കയറില്ല.....അതുപോലെ മാവില്‍ നിറയെ നീറിന്റെ കൂടുകളും....പക്ഷെ ഒരു കിളിക്കൂട്ടിലും ആക്രമണം നടത്താറില്ല....ഇതാണ് പ്രകൃതിയുടെ ഒരു നിയമ സംഹിത...മനുഷ്യന്‍ കണ്ടു പഠിക്കണം....

പുറകുവശത്തു മുറ്റത്തായി ഒരു കുളിമുറി ഉണ്ട്....അതിന്‍റെ ഷവര്‍ പൈപ്പ് മറ്റൊരു കൂട്ടര്‍ കയ്യേറി മണ്ണ് കൊണ്ട് കൂട് വെച്ചിരുക്കുന്നു..... കുറെ കൊല്ലങ്ങള്‍ ആയി....നാരായണ കിളികള്‍...പ്രകൃതി അവയ്ക്ക് കൊടുത്തിരിക്കുന്ന എന്ജിനീയറിംഗ് വൈഭവം കണ്ടാല്‍ ആധുനിക സിവില്‍ എങ്ങിനീയരിംഗ് തോറ്റു പോകും....ഇപ്പോള്‍ ബക്കറ്റില്‍ വെള്ളം പിടിച്ചു കുളിക്കാനെ നിവൃത്തിയുള്ളൂ.....

ഇനി രണ്ടു വര്‍ഗ്ഗ ശത്രുക്കള്‍ കൂടിയുണ്ട് ഇവിടെ ... മുഴുത്തൊരു ചേര പാമ്പും മൂന്നു നാല് കീരികളും.. മുറ്റത്തെ സ്ഥിരം സന്ദര്‍ശകര്‍ ......ചേര ഇടയ്ക്കിടയ്ക്ക് അല്പം പേടിപ്പിക്കും...ഇടയ്ക്കു ലവ് ബേര്‍ഡ് കൂട്ടിനു ചുറ്റും കറങ്ങും....കൂടില്‍ ചുറ്റി കയറും മണത്തു നോക്കും......ഓടിച്ചു വിടാറില്ല....കുറെ ചുറ്റി നടന്നു അകത്തു കേറാന്‍ കഴിയാതെ മടുത്തു തിരിച്ചു പോകുന്നത് കാണാന്‍ ഒരു രസമാണ്....ഈ കീരി സംഘത്തിന്റെയും ചെരയുടെയും  ഒരു നല്ല ചിത്രം എടുക്കാന്‍ മിനക്കെട്ടു തുടങ്ങിയിട്ട് കാലം കുറെയായി... ഒത്തുകിട്ടിയിട്ടില്ല.....

മുറ്റത്തെ ചേരയെ പറ്റി ഇന്നലെ പറഞ്ഞേയുള്ളൂ...എന്‍റെ ആഗ്രഹം പോലെ ഇന്നവനെ എനിക്ക് കിട്ടി....എന്നാല്‍ പിന്നെ രണ്ടു പടം എടുത്തോ എന്ന മട്ടില്‍ പോസ് ചെയ്യുകയും ചെയ്തു.......

Thursday, September 18, 2014

എഴുന്നേറ്റു കുത്തിയിരുന്നു നോക്കി....നല്ല ഭംഗി.....ഒരു ജീവന്‍..... വെളുത്തു ചെറുവിരല്‍ പോലെ നീണ്ടു മെലിഞ്ഞു മഴത്തുള്ളികളില്‍ അലങ്കരിച്ചു...

നല്ലക്ഷീണം.....വിശപ്പൊന്നുംതോന്നുന്നില്ല....ദാഹിക്കുന്നുമില്ല....ഒന്നിരിക്കണം..വല്ലാതെനടന്നിരിക്കുന്നു..കാലുകള്‍ക്കൊന്നുംപഴയബലമില്ല..കിതപ്പും.......ഉം...പ്രായംഅതൊരുഘടകമാണ്..പിന്നെശീലിച്ചഒഴിഞ്ഞുപോകാത്ത...ഒഴിച്ചുകളയാന്‍ മനസു സമതിക്കാത്ത കുറെ ശീലങ്ങളും അവ നലികിയ ശാരീക ദുര്‍ബലതകളും... തളര്‍ച്ച ശരീരത്തിനെ ഉള്ളു....മനസിന്‌ ഇല്ല അതാണ്‌ സത്യം...അല്ലെങ്കില്‍ ഇങ്ങനെ ഇറങ്ങി പുറപ്പെടില്ലല്ലോ..........

ഇത്തിരി പുഴുവിന്‍റെ ശല്യം ഉണ്ട്...അത് കുഴപ്പമില്ല ശീലമാണ്...നല്ല കൌതുകം ഉണ്ട് അതിനെ വരവും ആര്‍ത്തിയും കാണാന്‍....ഗ്രഹണിപിടിച്ചവനു ചക്ക കൂട്ടാന്‍ കിട്ടിയപോലെ കേട്ടിട്ടില്ലേ....ശരിക്കും ഇവയൊക്കെ എങ്ങനെയാ ജീവിക്കുന്നത്.....എന്നെ പോലെ ആരും വന്നില്ലെങ്കിലോ....കടിച്ചു തൂങ്ങാന്‍ പറ്റിയ ഒരു ജീവിയും നിന്നുകൊടുത്തില്ലെങ്കിലോ?....അതും എത്ര എണ്ണം....ചോര തന്നെ വേണ്ടേ വയറു നിറക്കാന്‍.....ഇവിടുത്തെ പൊതു വിതരണ സംബ്രതായം എന്താണാവോ....കാടിനെ സമ്മതിക്കണം..

അവിടെ ഇരിക്കാം.....നിലം പറ്റിയ ആ പാഴ്തടിയില്‍....ഇത്തരത്തില്‍ വീണു ദ്രവിച്ച വന്മരങ്ങള്‍ ഇവിടെയെ കാണൂ...ഇതുപോലുള്ള കാട്ടില്‍ ..

ജീവിത ചക്രം പൂര്‍ത്തിയാക്കി പതിയെ പതിയെ പ്രജ്ഞ നശിച്ചു....അറിയാതെ......ഒടുവില്‍ ഒരു മഴക്കാലത്ത് കടപുഴകി വീണു..മൃദുലമായെതെല്ലാം .മണ്ണോടുചേര്‍ന്ന്.അഴുകി ....അവശേഷിക്കുന്ന അകത്തെ കലിപ്പും കഠിനതയും അവശേഷിചു കൂതലിച്ചു... നിറം മാറി...കറുത്തു കരുവാളിച്ചു....അങ്ങനത്തെ ഒരു രൂപം...

അല്ലെങ്കില്‍ ആയകാലത്ത് ജീവനോടെ വെട്ടിവീഴ്ത്തി ചെത്തിമിനുക്കി  ...നെടുകെ പിളര്‍ന്നു കുറുകെ മുറിച്ചു ...കടഞ്ഞെടുത്ത്..ഒരുമ്മി മിനുക്കി ..ചായം ചേര്‍ത്തു...ചമയം ചേര്‍ത്ത് ...അങ്ങ് കൊള്ളാവുന്നവുടെ എന്ന് ബഹു ഭൂരി പക്ഷം പറയുന്ന (ആര്‍ക്കറിയാം) ഉമ്മറത്തും അകത്തളത്തിലും ഇരുന്നേനെ....ഇനമോ കുലമോ ചരിത്രമോ ഒക്കെ തന്നെ ചായത്തിലും ചമയത്തിലും മാറ്റി എഴുതപ്പെട്ടെനെ....

ഇരിക്കാം....ഇതാണ് അല്പം ഉയര്‍ന്ന ഇരിപ്പിടം. നല്ല തണുപ്പ് ....കുണ്ടിക്ക്....ഇത്തിരി മുന്‍പ് മഴ പെയ്തിരുന്നു...നല്ല ഈര്‍പ്പം..പുറത്തെ ദ്രവിച്ച  കറുപ്പ് ലയിച്ചു കൊഴുത്തു കുറു കിയിരിക്കുന്നു. പെയ്തു വീണ തുള്ളികള്‍ ഒക്കെ ഒപ്പിയെടുത്തു സ്വാംശീകരിച്ചിരിക്കുന്നു.. .ഒരു ജന്മം മുഴുവന്‍ ആര്‍ത്തിയോടെ വലിച്ചു കുടിച്ചതല്ലേ....ആ ഒരു ശീലം കാണും....

കാടിന്‍റെ കുളിര്‍മ്മ....അതൊരു മേനിവാക്കണോ...എന്തൊരു പുഴുക്കം....വല്ലാതെ വിയര്‍ത്തൊഴുകുന്നു....കിളിയൊച്ചകള്‍ കേള്‍ക്കാം ...കാതോര്‍ത്തു...ഇല്ല കിളിയോച്ച അകന്നു പോയിരിക്കുന്നു
.ങ്ങിര്‍ ...പിന്നെ ങ്ങിര്‍ഗിര്‍ ...പിന്നെ ങ്ങിര്‍ഗിര്‍ഗിര്‍ഗിര്‍ ....ചീവീടിന്‍റെ റിഥം......ഇതാണ് കാടിന്‍റെ തനതു സംഗീതം.....

പുഴുങ്ങുന്നു.....ഹുമിഡിറ്റി അതാണ്‌ ആധുനിക പദം ...പദം ആധുനികമാണ്....പക്ഷെ പ്രക്രിയ ജീവോല്പ്പത്തി മുതല്‍ തുടങ്ങിയതാണ്‌....എല്ലാ ജീവനും ഒരുത്തിരിയുന്നത് ഈ പുഴുങ്ങലില്‍ ആണ്....കോഴി അടയിരിക്കുമ്പോള്‍ മുട്ട വിരിയുന്നത് പോലെ.......

കണ്ണടച്ചു കാല്‍ മുട്ടില്‍ കൈ മടക്കികുത്തി തലയ്ക്കു കൊടുംകൈകുത്തി കുറേനേരം കുനിഞ്ഞു കണ്ണുമടച്ചിരുന്നു....
എപ്പോഴോ കണ്ണ് തുറന്നു.......

അഴുകിയ കൂതലിച്ച മരത്തടിയുടെ കറുപ്പില്‍ വെളുത്തു ചെറുവിരല്‍ പോലെ.....എന്തോ ഒന്ന്.....

എഴുന്നേറ്റു കുത്തിയിരുന്നു നോക്കി....നല്ല ഭംഗി.....ഒരു ജീവന്‍ വെളുത്തു ചെറുവിരല്‍ പോലെ നീണ്ടു മെലിഞ്ഞു മഴത്തുള്ളികളില്‍ അലങ്കരിച്ചു...ഒരു കുഞ്ഞു ശില്പ്പംപോലെ എന്തോ ഒന്ന്...ജീവനുണ്ടോ...തൊട്ടുനോക്കാന്‍ തോന്നി.. വേണ്ട...

പാഴ്തടിയില്‍ പറന്നു വീണു ഒട്ടിപിടിച്ച ഏതോ ജീവ രേണു പുതുമഴയില്‍ ജീവന്‍ വെച്ചിരിക്കുന്നു...ഈ പുഴുങ്ങലില്‍ പ്രകൃതിയുടെ ജീവപ്രക്രിയ അന്സ്യുതം നിരവിഘനം ഇപ്പോഴും തുടരുന്നു ...എപ്പോഴോ രൂപം കൈക്കൊണ്ടിരിക്കുന്നു....മഴത്തുള്ളികള്‍ മുത്തുപതിച്ച മനോഹാരിത.. 

പേരും ഇനവും വര്‍ഗ്ഗവും വംശവും വയസും രൂപവും കര്‍മ്മവും ധര്‍മ്മവും ആയുസും അന്ത്യവും ഒന്നും പ്രസക്തമായി തോന്നിയില്ല...അല്ലെങ്കില്‍ തന്നെ അതിനു പ്രകൃതിയില്‍ ...സൃഷ്ട്ടിയില്‍  എന്ത് പ്രസക്തി....അനങ്ങാതെ...അനക്കാതെ....കുറച്ചു ചിത്രം എടുത്തു.....

കാടിന് വെളിയില്‍ കടക്കണം....വല്ലാത്ത പുഴുങ്ങല്‍ ....ഈ പുഴുങ്ങലില്‍ ..മനസ്സില്‍ ജീവന്‍ വെക്കുന്നത് വീട്ടില്‍ എത്താനുള്ള ആഗ്രഹം......വലിച്ചു വെച്ച് നടന്നു...... 

Tuesday, September 16, 2014

കരിവണ്ട്....

മൂളുന്ന വണ്ടേ... മുരളുന്ന വണ്ടേ...
ഈ ഇളം മൊട്ടില്‍  തേനുണ്ടോ വണ്ടേ...
വാസന തോന്നീലെനിക്ക്  തെല്ലും
പൂത്തു വിടര്ന്നുവെന്നാരുചൊല്ലി
അങ്ങുനിന്നെങ്ങനെ നീയറിഞ്ഞു...
ആരുപറഞ്ഞു നീയിന്നറിഞ്ഞു ..
നീയിതു ആരോടും ചൊല്ലിയില്ലേ...
കൂട്ടരോടോന്നും പറഞ്ഞുമില്ലേ ....
കൂട്ടുകാരോടോന്നും കൂടാറില്ലേ..
കൂട്ടുകൂടുന്നതില്‍ ഇഷ്ടമില്ലേ....
കൂട്ടത്തില്‍ കൂടാന്‍  പെണ്ണുമില്ലേ


കറുത്ത കനത്ത ചിറകു പോളക്കുള്ളില്‍ നിനക്ക് മാരിവില്‍ ചെലുണ്ടായിരുന്നു അല്ലെ?...ഞാന്‍ അറിഞ്ഞില്ല.......മധുവുണ്ട് നീ ലയിച്ചു ഇരിക്കു .....ഒരു ചിത്രം എടുത്തോട്ടെ.....എല്ലാവരെയും കാണിക്കാം....നിന്‍റെ സൌദര്യം എല്ലാവരും അറിയട്ടെ....

പണ്ട് നീയാണോ ശകുന്തളയെ ശല്യപ്പെടുത്തിയ ഭയങ്കരന്‍.....അവിടുന്നല്ലേ തുടക്കം.......ഒടുവിലത്തെ കഥ വല്ലതും നീ അറിഞ്ഞോ.....പാവം ആ പെണ്ണിന്‍റെ ഒരു ഗതികേട് ......നിനക്കും അതില്‍ ഒരു പങ്കുണ്ട്....
.ആ പോട്ടെ...പൂവ് കണ്ടാല്‍ നിനക്ക് ഒരുതരം ഭ്രാന്താണ്.....പിന്നീട് നടക്കുന്നതൊന്നും നീ ശ്രദ്ധിക്കാറില്ല.....അതാ നല്ലത്......അനങ്ങാതിരിക്ക് .. ഞാന്‍ ഒന്ന് രണ്ടു പടം കൂടി എടുക്കട്ടെ......


Sunday, September 14, 2014

St. Mary’s Church Belgaum:







St. Mary’s Church Belgaum:

മധ്യകാലഘട്ടത്തിലെ ഗോതിക് ശൈലിയില്‍ 1869 ല്‍ ബ്രിട്ടിഷ് സാമ്രാജ്യം നിര്‍മിച്ചതാണ് ഈ പള്ളി....പഴയകാല നിര്‍മ്മിതികള്‍ക്ക് വല്ലാത്തൊരു ആകര്‍ഷണം ഉണ്ട്.........കല്ലില്‍ പണിതുയര്‍ത്തിയ ഒരു മനോഹര ശില്‍പം.....പഴയ കാല നിര്‍മ്മിതികള്‍ .പലചരിത്രങ്ങളും  നമ്മോടു പറയാതെ പറയുന്നു.....
അന്നിതൊരു വലിയ പട്ടാള ക്യാമ്പിനോട് അനുബന്ധിച്ചായിരുന്നത്രേ .... പഴയ സായിപ്പ് പട്ടാള ഉദ്യോഗസ്ഥരും അവരുടെ കുടുംബാങ്ങളും  പഴയ മോട്ടോര്‍ കാറുകളില്‍ ആ പള്ളിമുറ്റത്തു വന്നിറങ്ങുന്നത് ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി....
ഇന്നിപ്പോള്‍ ഞായരാഴ്ചകളില്‍ മാത്രം ഇവിടെ ബലിയര്‍പ്പണം ഉണ്ട് ..അല്ലാത്തപ്പോള്‍ ചുറ്റ്മതിലിലെ കവാടങ്ങള്‍ അടച്ചിടും...അകത്തു കാവലിനായി ഒരു കൂറ്റന്‍ നായയെ അഴിച്ചു വിട്ടിട്ടും ഉണ്ട്......പരിസരമൊക്കെ കുറേശെ കാട് കയറി തുടങ്ങിയിരിക്കുന്നു....അത് ആ പഴയ മനോഹര നിര്‍മ്മിതിക്ക് വല്ലാത്തൊരു കാല്‍പനിക ഭാവം നല്‍കുന്നു.....

തോട്ടത്തിലെ ജോലിക്കാരെ സമ്മതിപ്പിച്ചു....ചുറ്റും ഒന്ന് നടന്നു കണ്ടു....ഉള്‍വശം കയറി കാണാന്‍ പറ്റിയില്ല  എങ്കിലും മുന്‍ വാതിലിലെ ചില്ല് ജാലകത്തിലൂടെ ഉള്‍വശം നോക്കി കണ്ടു....ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മര ഇരിപ്പിടങ്ങളും പഴയകാല രീതിയിലുള്ള ബലിപീഠം.... ചില്ല് ജാലകത്തിലെ ചിത്രപ്പണികള്‍ ഇവയൊക്കെ കുറെയെല്ലാം ക്യാമറയില്‍ പകര്‍ത്തി....തോട്ടക്കാരോട് നന്ദി പറഞ്ഞു ഞാന്‍ വാഹനത്തിനു അടുത്തേക്ക് നടന്നു........ബ്ലാക്ക്ആന്‍ഡ്‌വയിറ്റില്‍ ഈ ദൃശ്യത്തിനു മറ്റൊരു മിഴിവാണ് ........തിരിഞ്ഞു നിന്നു ഒരു ചിത്രം കൂടി എടുത്തു.....

Friday, September 12, 2014

The love.. the sex....പ്രണയം.....

രതിസമയേ രോതന്തം പ്രിയമപിപുത്രം ശപത്യഹോ ജനനീം എന്നാ പ്രമാണം...
ഉത്കൃഷ്ടമായ രതിയുടെ സമയത്ത് കരയുന്ന പ്രിയ പുത്രനെ പോലും അമ്മ ശപിച്ചു പോകും എന്ന് സാരാംശം......അത്രയ്ക്ക് തീവ്രമായ ഒരു വികാരമാണ് പ്രണയം..അതിന്‍റെ പരമകാഷ്ടയായ രതി.......ഇണകള്‍ എല്ലാം മറക്കുന്നു....ഇഗോയില്ല....സ്ഥലകാല  ബോധമില്ല....എലാം മറന്ന ലയം മാത്രം.........

മാക്രോ ഫോട്ടോഗ്രാഫിയില്‍ എന്‍റെ ഫേസ് ബുക്ക്‌ ചങ്ങാതിമാര്‍ പോസ്റ്റ്‌ ചെയ്യുന്ന ചില ചിത്രങ്ങള്‍ എന്നും അസൂയയോടെ നോക്കി ഇരിക്കാറുണ്ട്.. പ്രത്യേകിച്ചും ജോബി വര്‍ഗീസിന്‍റെ ഫോട്ടോസ്.....വന്നു വന്നു ഇപ്പൊ ഈച്ചയോടും കൊതുകിനോടും വല്ലാത്ത ഒരു സ്നേഹം സിമ്പതി....

കയ്യിലെ കുഞ്ഞു ക്യാമറ വെച്ച് എനിക്ക് വല്ലാത്ത പരിമിതി ഉണ്ട്...എന്നാലും എന്‍റെ ഇത്തരത്തില്‍ ഉള്ള ഒരു ചിത്രം  എടുക്കാന്‍ ഉള്ള ആഗ്രഹം മൂലമോ .....അതോ ഉന്മത്തപ്രണയരതിക്രീടാമാദകലഹരിയില്‍ എന്‍റെ സാമീപ്യം അറിയാഞ്ഞിട്ടോ ഈ ഇണകള്‍ എന്‍റെ സാമീപ്യം അറിഞ്ഞില്ല ...അനങ്ങിയില്ല....കുറെ ചിത്രങ്ങള്‍ എടുത്തു.....അതിലൊന്ന്......

ആ സമാഗമത്തിന് ഭംഗം വരുത്താതെ...സ്വകാര്യതയില്‍ കടന്നു കയറിയതില്‍ തെല്ലു ജാള്യത്തോടെ ഞാന്‍ സ്ഥലം കാലിയാക്കി .....  

കുപ്പയിലെ മാണിക്യം.....

കുപ്പയിലെ മാണിക്യം.....കുപ്പത്തൊട്ടി....ഉപേക്ഷികേണ്ടവ വലിച്ചെറിയപ്പെടെണ്ടവ.... നിക്ഷേപിക്കുന്ന സ്ഥലം....കുപ്പത്തൊട്ടി മഹത്വവല്‍ക്കരിക്കപ്പെട്ടിട്ടുള്ളത് ആകെ മണിക്യവുമായി ചേര്‍ത്ത പഴമൊഴിയില്‍ ആണെന്ന് തോന്നുന്നു..അവിടെ മാണിക്ക്യം മഹത്വവല്‍ക്കരിക്കപെട്ടത് കിടന്ന സ്ഥാനം കുപ്പത്തൊട്ടി ആയതിനാല്‍ ആണ്.......ആരും കാണാതെ ഉപേക്ഷിക്കപ്പെട്ടു കിടന്ന അമൂല്യത......

ജീവന്‍ നിലനിര്‍ത്താന്‍ ഒരു നേരത്തെ പുളിമണം ഉള്ള ഒരു പിടി ആഹാരം അത് മാണിക്യത്തെക്കാള്‍ മൂല്യം ഉള്ളതാകുന്നു........അത് ജീവിതത്തില്‍ ഒരിക്കലെങ്കിലും നന്നായി അറിയുന്നത് നല്ലതാണ്....പട്ടിണി ഇല്ലാത്ത ഒരു മനുഷ്യന് ആ ഫീല്‍ കിട്ടണം എങ്കില്‍ മിനിമം 48 മണിക്കൂര്‍ എങ്കിലും വേണം.. .. അപ്പോഴേ വിശപ്പിന്‍റെ ഒരു കാളല്‍ ഫീല്‍ ചെയ്യു .. ആ ഫീല്‍ സകല ജീവജാലങ്ങള്‍ക്കും ബാധകം......കരയും ...കണ്ണീര്‍ വരും...ദേഷ്യം വരും...ഭ്രാന്തു പിടിക്കും...കൊല്ലാന്‍ തോന്നും .. മരിക്കാന്‍ തോന്നും.........യാത്രക്കിടയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ എടുത്ത ഒരു ചിത്രം എന്ന് മാത്രമേയുള്ളൂ....

Wednesday, September 10, 2014

The trip...യാത്ര...

ഇവര്‍ എങ്ങോട്ടാ ഈ യാത്ര....രണ്ടു പുരുഷന്‍മാരും രണ്ടു സ്ത്രീകളും ഉണ്ട്.....അങ്ങ് മുന്‍പിലായി ഒരു വളര്‍ത്തു നായും....എന്തൊക്കെയോ വാരി പെറുക്കി കെട്ടി തലയിലും കുതിരപ്പുരത്തുമായി കരുതിയിട്ടുണ്ട്......തിരക്കിട്ടാണ് യാത്ര....ഒന്നുകില്‍ സന്ധ്യക്ക്‌ മുന്‍പ്... അല്ലെങ്കില്‍ മഴയ്ക്ക് മുന്‍പ് എവിടെയോ എത്തിച്ചേരാന്‍ ഉള്ള വ്യഗ്രത നടപ്പില്‍ വ്യക്തമാണ്...കൌതുകം തോന്നി ...പിന്നെ ഇങ്ങനെ ആലോചിച്ചു.....യാത്രയുടെ തയ്യാറെടുപ്പുകള്‍... യാത്രാ രീതികള്‍ ഇവയിലോക്കെയേ വ്യതാസം ഉള്ളു....അല്ലാതെ ഞാനും തമ്മില്‍ വലിയ വ്യത്യാസം ഇല്ല....തിരക്ക് തന്നെ....ഉള്ളനേരത്തെ എത്തിച്ചേരാന്‍ ഉള്ള തിരക്ക്... എവിടെ....അതാണ്‌ കൌതുകം......ഈ യാത്രാ ദൃശ്യം കണ്ടതും പകര്‍ത്തിയതും ആയ എന്‍റെയും അവരുടെയും മുഖങ്ങള്‍ തമ്മീല്‍ ഒരു വ്യത്യാസം ഉണ്ടായിരുന്നു.....തിരക്കുണ്ടെങ്കിലും അവരുടെ മുഖം ശാന്തവും സമാധാനം നിഴലിക്കുന്നതും ആയിരുന്നു....വണ്ടിയുടെ റിയര്‍ വ്യു മിററില്‍ നോക്കിയ ഞാന്‍ പുറത്തേക്ക് ആഞ്ഞു തുപ്പി..പതുക്കെ ഒഴുകിമാറുന്ന പിന്നാമ്പുറ കാഴ്ചകളില്‍ ഒരു മുഖം പോലെ ഒരു മുഖം........കഷ്ടം അസഹിഷ്ണുവായ...സമയ നഷ്ട്ടത്തില്‍ വ്യഗ്രതപെട്ട ....ദീര്‍ഘ ശ്വാസം വിടുന്ന ...പിറ് പിറുക്കുന്ന...കരിഞ്ഞ ചുണ്ടുകള്‍ ഉള്ള   ഒരു ഭ്രാന്തനെ ഞാന്‍ അവിടെ കണ്ടു....അവന്‍റെ തലയില്‍ ഇനി അവശേഷിക്കുന്നത് ആയിരത്തില്‍ താഴെ മുടിയിഴകള്‍ മാത്രം.......അവനു വട്ടാണ്.....

Tuesday, September 9, 2014

Kamal Basthi : Belgum: Ancient Jain Temple of the world.








 Kamal Basthi : Belgum:  Ancient Jain Temple of the world.
കമല്‍ ബസ്തി....1204 ല്‍ രാള്‍ട്ട രാജ വംശത്തിന്‍റെ കാലത്ത് നിര്‍മിച്ച ചാലൂക്യ വാസ്തു മാതൃകയിലുള്ള പുരാതന ജൈന ക്ഷേത്രം....ബെല്‍ഗാം നഗര ഹൃദയ ഭാഗത്ത്‌ പുരാതന ബല്‍ഗാം കോട്ടയ്ക്കു നടുവില്‍, കടന്നു പോയ ആയിരംവര്‍ഷങ്ങള്‍ തനിമക്ക് യാതൊരു കോട്ടവും വരുത്താതെ ആ കല്ലില്‍ തീര്‍ത്ത ശില്പ സൌധം നിലകൊള്ളുന്നു....സന്ദര്‍ശകര്‍ തീരെ കണ്ടില്ല അവിടെ....ക്ഷേത്ര പൂജാരി മാത്രം . അദ്ദേഹം സ്നേഹപൂര്‍വ്വം അകത്തെക്ക് ക്ഷണിച്ചു....മുഖമണ്ഡപത്തില്‍ മേലാപ്പായി ചിരട്ട കമഴ്ത്തി വെച്ചപോലെ 72 ഇതളുകളില്‍ കല്ലില്‍ തീര്‍ത്ത ഭീമാകാരന്‍ താമര ഒരു ശില്പ വൈഭവം തന്നെ.....കല്‍ചുവരുകളില്‍ ഒക്കെ മനോഹരമായ കൊത്തുപണികള്‍...ഒപ്പം പുരാതന ലിഖിതങ്ങളും.....
ശ്രീകോവിലിനുള്ളില്‍ ഭഗവാന്‍ ആദിനാഥന്‍ പദ്മാസനത്തില്‍ ഇരിക്കുന്നു...നല്ല വലിപ്പമുള്ള കറുത്ത കല്ലില്‍ തീര്‍ത്ത മനോഹര ശില്‍പം......പൂജാരി ഒക്കെ വിവരിച്ചു തന്നു....കൌതുകത്തോടെ കേട്ട് നിന്നു ...
ക്ഷേത്ര വളപ്പില്‍ തന്നെ മറ്റൊരു പുരാതന നിര്‍മിതി കൂടിയുണ്ട്.....അതേപ്പറ്റിയും പൂജാരി വിശദീകരിച്ചു....
അദ്ദേഹം തലയില്‍ തീര്‍ഥ ജലം ഒഴിച്ചു എന്തൊക്കെയോ മന്ത്രങ്ങള്‍ ഒരുവിട്ടു....പരസാദമായി തൊണ്ട് അവിടിവിടെ പൊളിച്ച നാളികേരവും ഉണക്കിയ ചില കായ്കളും തന്നു....വീട്ടില്‍ വെച്ചാല്‍ ഐശ്വര്യം ഉണ്ടാകും എന്ന് പറഞ്ഞു. സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തെ നിരസിക്കാന്‍ തോന്നിയില്ല... ഇരു കയ്യും നീട്ടി വാങ്ങി ദക്ഷിണ കൊടുത്തു....
..മറ്റുള്ളവരുടെ വിശ്വാസങ്ങളെ എന്നും  ഞാന്‍ മാനിചിട്ടുണ്ട്....എന്‍റെ വിശ്വാസത്തെ മാനിക്കണം എന്ന് ഞാന്‍ നിര്‍ബന്ധവും പിടിക്കാറില്ല....കാരണം എന്‍റെ ഇസം എന്റേത് മാത്രമാണ്....അത് എന്നോട് കൂടി അവസാനിക്കാന്‍ ഉള്ളതാണ്.....
പൌരാണിക വാസ്തു സൌന്ദര്യം നല്‍കിയ അത്ഭുതവും മനസ്സില്‍ പേറി പൂജാരി തന്ന പ്രസാദം എന്ത് ചെയ്യണം എന്ന ആലോചനയുമായി ഞാന്‍ വണ്ടിയിലേക്ക് നടന്നു......